8:49 am 18/4/2017
– സന്തോഷ് പിള്ള
ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മേടമാസം ഒന്നാം തീയതി പുലര്‍ച്ചെ നൂറുകണക്കിന് ഭക്തജനങ്ങള്‍ വിഷുക്കണി ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നന്മയുടെയും, ഐശ്വര്യത്തിന്റെയും, സന്തോഷത്തിന്റെയും ,ഫലം കൊണ്ടുവരുന്ന ദിവസമാണ് വിഷുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മണ്ണില്‍ വിളയിച്ചെടുത്ത കാര്‍ഷിക ഉത്പന്നങ്ങളും, ഫല വര്‍ഗ്ഗങ്ങളും, വിഷുക്കണിയുടെ ഭാഗമായി മാറിയത് . വിഷുക്കണിയുടെ ഭാഗവാകാന്‍ വേണ്ടി മാത്രം എന്നവണ്ണം ഈ സമയത്തു മാത്രം പൂക്കുന്ന കണിക്കൊന്നയും വിഷുക്കണിയുടെ അഭിവാജ്യഘടകമാണ് . സമ്പല്‍ സമൃദ്ധിയെ സൂചിപ്പിക്കുന്ന നാണയങ്ങളും,വാല്‍ക്കണ്ണാടിയും, സ്വര്‍ണവും, നിലവിളക്കിന്റെ പ്രഭയില്‍ വെട്ടിത്തിളങ്ങിനില്‍ക്കുന്ന കണിയുടെ മുന്നില്‍ എത്തി, വിഷു ദിനത്തില്‍ ആദ്യമായി കണ്ണുതുറക്കുന്ന വ്യക്തിയുടെ നേത്രത്തില്‍ പ്രതിഫലിക്കേണ്ടത്, പുഞ്ചിരി തൂകി നില്‍ക്കുന്ന ശ്രീ കൃഷ്ണ വദനം തന്നെ.
കണികണ്ടതിനുശേഷം ക്ഷേത്രപൂജാരിയില്‍ നിന്നും വിഷുക്കൈനീട്ടവും സ്വീകരിച്ചാണ് ഭക്തര്‍ തിരികെ പോയത്. ഈ വര്‍ഷത്തെ കണികാണാന്‍ ആയിരത്തിലേറെ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നതായി കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായ ര്‍ അറിയിച്ചു. ശനിയാഴ്ച ദിവസം സ്പിരിച്വല്‍ ഹാളില്‍ അരങ്ങേറിയ വിഷു ആഘോഷ മഹോത്സവം നാലു മണിക്കൂറിലധികം നീണ്ടുനിന്നു. ഭഗവത് ഗീത പാരായണം, ശ്രി അയ്യപ്പ ചരിതനാടകം, നൃത്യ നൃത്തം, ഗാനാലാപം എന്നീ കലാ പരിപാടികള്‍ കാണികളുടെ മുക്തകണ്ട പ്രശംസ പിടിച്ചുപറ്റി. മത പഠന ക്ലാസ്സ് മുറികള്‍ നിര്‍മിക്കുന്നതിനായി ഏപ്രില്‍ 29ന് നടത്തപെടുന്ന “ദിലീപ് ഷോ 2017″ന് ഡാളസ്സിലെ കലാപ്രോത്സാഹകരുടെ നിസ്സീമസഹകരണമാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു.