ഡോ. മേഴ്‌സി മൂലക്കാട്ടിന് യാത്രയയപ്പ് നല്‍കി

07:54 pm 1/6/2017


ഉഴവൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി മൂലക്കാട്ടിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അത്മാസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. അത്മാസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ അത്മാസിന്റേയും കോളേജിന്റേയും വളര്‍ച്ചയ്ക്കായി ചെയ്ത എല്ലാ നന്മകള്‍ക്കും നന്ദിയറിയിച്ച ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് ടീച്ചറിന്റെ ഭാവി ജീവിതത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുവാന്‍ സാധിക്കാട്ടെ എന്ന് ആശംസിച്ചു. കൂടാതെ പുതുതായി പ്രിന്‍സിപ്പല്‍ പദവിയിലേയ്ക്ക് പ്രവേശിക്കുന്ന ഡോ. ഷൈനി സ്റ്റീഫന് എല്ലാ വിജയാശംസകളും നേര്‍ന്നു.

സുവര്‍ണ്ണ ശോഭയില്‍ പ്രശോഭിച്ചു നിന്ന കോളേജിലേയ്ക്ക് പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ. മേഴ്‌സി മൂലക്കാട്ട് കോളേജിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയ്ക്ക് തന്റേതായ സംഭാവന നല്‍കിക്കൊണ്ട് കോട്ടയം അതിരൂപതയുടെ അഭിമാന സ്തംഭങ്ങളിലൊന്നായ ഈ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ തന്റെ നാമം എഴുതിച്ചേര്‍ത്താണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നതെന്ന് തുടര്‍ന്നു സംസാരിച്ച ഏവരും അഭിപ്രായപെട്ടു.

യോഗത്തില്‍ നിയുക്ത പ്രിന്‍സിപ്പല്‍ ഡോ. ഷൈനി സ്റ്റീഫന്‍ നടുവീട്ടില്‍, വൈസ്പ്രിന്‍സിപ്പല്‍ ഡോ. ബെന്നി തോമസ്, അത്മാസ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സണ്ണി ആനാലില്‍, രാജേഷ് കെ., എന്‍.എ. ജോണ്‍, ഫിലോമിന സെബാസ്റ്റിയന്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അത്മാസ് സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യൂ സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.