6:28 pm 25/12/2016

കറാച്ചി: തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്താൻ വിട്ടയച്ചു. കറാച്ചിയിലെ മാലിർ ജയിലിൽ കഴിയുന്ന 220 പേരെയാണ് മോചിപ്പിച്ചത്.
പാക് സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മൽസ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലിൽ അടച്ചതെന്ന് ജയിൽ സൂപ്രണ്ട് ഹസൻ സേഹ്തോ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. 220 മൽസ്യത്തൊഴിലാളികളെ വിട്ടയച്ചുവെന്നും 219 പേർ ഇനിയും കസ്റ്റഡിയിൽ തുടരുന്നുണ്ടെന്നും ഹസൻ സേഹ്തോ വ്യക്തമാക്കി.
മോചിപ്പിച്ച മൽസ്യത്തൊഴിലാളികളെ ട്രെയിനിൽ ലാഹോറിലേക്ക് എത്തിക്കും. തിങ്കളാഴ്ച അവരെ വാഗാ അതിർത്തി വഴി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പാകിസ്താൻ അറിയിച്ചു.
ജമ്മു കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിൽ സെപ്തംബറിലുണ്ടായ ഭീകരാക്രമണമത്തിനു ശേഷം അതിർത്തിയിൽ ഇന്ത്യ–പാക്ക് ബന്ധം വഷളായിരുന്നു. ഇൗ സാഹചര്യത്തിലാണ് പാകിസ്താെൻറ ഭാഗത്തുനിന്നും അനുകൂലമായ നീക്കം ഉണ്ടായിരിക്കുന്നത്.
പാക് അതിർത്തിയിൽനിന്നു മൽസ്യബന്ധന ബോട്ടുകളും തൊഴിലാളികളെയും ഇന്ത്യ പിടിച്ചുവെന്ന് കഴിഞ്ഞയാഴ്ച പാകിസ്താൻ മൽസ്യത്തൊഴിലാളി സംഘടന ആരോപിച്ചിരുന്നു. ഗുജറാത്ത് തീരത്തു നിന്നാണ് പാക് തൊഴിലാളികളെ ഇന്ത്യ പിടികൂടിയത് എന്നായിരുന്നു ആരോപണം. എന്നാൽ, ഇക്കാര്യത്തോട് ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
