തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍.

08:22 am 15/1/2017

images (3)
തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍. സുപ്രീംകോടതി നിരോധനം നിലനില്‍ക്കുമ്പോഴും ജെല്ലിക്കെട്ട് നടത്താനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകള്‍. എന്നാല്‍ ജെല്ലിക്കെട്ടിനെ ഉപയോഗിച്ച് തമിഴ്നാട്ടിലെ ജാതി സമവാക്യങ്ങളും വോട്ടുബാങ്കും ഊട്ടിയുറപ്പിയ്‌ക്കുകയാണ് രാഷ്‌ട്രീയക്കാരെന്നും ചര്‍ച്ചകള്‍ മാത്രമാണ് ജല്ലിക്കെട്ട് വിവാദം പരിഹരിയ്‌ക്കാനുള്ള ഏക പോംവഴിയെന്നും മഗ്സസെ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ ടി.എം കൃഷ്ണ പറയുന്നു.
മധുരയും തിരുച്ചിറപ്പള്ളിയുമുള്‍പ്പടെയുള്ള തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജെല്ലിക്കെട്ടിന് ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂരില്‍ വിജയികളായ കാളകള്‍ക്കും മത്സരാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ പോലും തയ്യാറാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജെല്ലിക്കെട്ട് മുടങ്ങാനനുവദിയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രാമീണര്‍.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജെല്ലിക്കെട്ട് നടത്താന്‍ ഗ്രാമീണര്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് തെക്കന്‍ ജില്ലകളിലും കൊങ്ങുനാടെന്നറിയപ്പെടുന്ന തിരുനെല്‍വേലിയുള്‍പ്പടെയുള്ള പ്രദേശങ്ങളിലും പൊലീസ് ഒരുക്കിയിരിയ്‌ക്കുന്നത്. ആവണിപുരത്ത് ജെല്ലിക്കെട്ട് നടത്താന്‍ അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമാവുകയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൃഗാവകാശ സംഘടനകളോ, ജല്ലിക്കെട്ടിനെ അനുകൂലിയ്‌ക്കുന്നവരോ ഈ വിഷയത്തെ വേണ്ട രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്ന് മഗ്സസെ അവാര്‍ഡ് ജേതാവായ ടി.എം കൃഷ്ണ വിമര്‍ശിച്ചു. ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ എന്നാണ് അദ്ദേഹത്തന്റെ അഭിപ്രായം. വരള്‍ച്ച രൂക്ഷമായ തെക്കന്‍ തമിഴ്നാട്ടില്‍ തുടര്‍ച്ചയായി കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ അത് അവഗണിച്ച് ജെല്ലിക്കെട്ടിനു വേണ്ടി പ്രതിഷേധം നടക്കുന്നതിനെതിരെയും പ്രതിഷേധമുയരുകയാണ്.