താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

09:07 am 21/1/2017
images (1)
വാഷിങ്ടണ്‍: അധികാരത്തിലിരിക്കുമ്പോള്‍ താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്‍െറ പ്രഖ്യാപനം.

ഏറെക്കാലം അമേരിക്കന്‍ വ്യവസായത്തെ തകര്‍ത്ത് നാം വിദേശ വ്യവസായങ്ങളെ പുഷ്ടിപ്പെടുത്തി. സ്വന്തം സൈന്യത്തെ ദുരിതത്തിലാക്കി വിദേശ രാജ്യങ്ങളുടെ സൈന്യങ്ങള്‍ക്ക് നാം ഇളവുകള്‍ നല്‍കി. സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാതെ മറ്റു രാജ്യങ്ങളുടെ അതിരുകള്‍ സംരക്ഷിച്ചു. അമേരിക്കയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നപ്പോഴും വിദേശത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഈ ദിവസം മുതല്‍ പുതിയൊരു കാഴ്ചപ്പാടായിരിക്കും അമേരിക്കയെ നയിക്കുക. അമേരിക്ക ആദ്യം എന്നതാണ് ഇനിയുള്ള മുദ്രവാക്യം. വ്യാപാരം, നികുതി, കുടിയേറ്റം, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളില്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ തൊഴിലാളികള്‍ക്കും അമേരിക്കന്‍ കുടുംബങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതായിരിക്കും ട്രംപ് പറഞ്ഞു.

വാഷിങ്ടണ്‍ ഡി.സിയില്‍നിന്ന് അധികാരം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഏറെക്കാലം രാജ്യതലസ്ഥാനത്തെ ഒരു ചെറുവിഭാഗമാണ് സര്‍ക്കാറിന്‍െറ ഗുണങ്ങള്‍ അനുഭവിച്ചത്. എന്നാല്‍, ജനങ്ങളാണ് അതിന്‍െറ കെടുതിക്കിരയായത്. രാഷ്ട്രീയക്കാര്‍ പുരോഗതി നേടി. എന്നാല്‍, തൊഴിലുകള്‍ ഇല്ലാതായി. ഫാക്ടറികള്‍ അടച്ചു. ഭരണകൂടം സ്വയം സംരക്ഷിച്ചു. പക്ഷേ, രാജ്യത്തെ പൗരന്മാരെ കൈവിട്ടു. അവരുടെ വിജയങ്ങള്‍ നിങ്ങളുടെ വിജയങ്ങളായിരുന്നില്ല. ഇതിനെല്ലാം ഈ ദിവസം മാറ്റംവരുകയാണ്. ഇത് നിങ്ങളുടെ ദിവസമാണ്.

ഏത് പാര്‍ട്ടി സര്‍ക്കാറിനെ നിയന്ത്രിക്കുന്നു എന്നതല്ല പ്രധാനം. സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് ജനങ്ങളാണോ എന്നതാണ് പ്രധാനം. ജനങ്ങള്‍ രാഷ്ട്രത്തിന്‍െറ അധികാരികളായി എന്നനിലക്കായിരിക്കും 2017 ജനുവരി 20 ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക.
വരുംവര്‍ഷങ്ങളില്‍ നാം ഒറ്റക്കെട്ടായി അമേരിക്കയുടെയും ലോകത്തിന്‍െറയും ഗതി നിര്‍ണയിക്കും. വെല്ലുവിളികളെ നാം നേരിടും. എന്ത് പ്രതിസന്ധികളുണ്ടായാലും നാം വിജയിക്കുകതന്നെ ചെയ്യും ട്രംപ് പറഞ്ഞു.