തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.

08:32 am 5/2/2017

images (3)
തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.
തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചട്ടലംഘനം കണ്ടെത്തി. റവന്യൂ സെക്രട്ടറി തിങ്കളാഴ്ച അക്കാദമിയില്‍ എത്തിയേക്കും. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍!ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.
പേരൂര്‍ക്കടയില്‍ ലോ അക്കാദമിയുടെ പക്കലുള്ള ഭൂമിയില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് തഹസില്‍ദാരും ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമടങ്ങുന്ന സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. സഹകരണ ബാങ്കും ജല അതോറിറ്റിയുടെ കെട്ടിടവും പ്രവര്‍ത്തിക്കുന്നത് അക്കാദമിയുടെ ഭൂമിയില്‍. ഇതിന് പിന്നിലായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണവും നടക്കുന്നു. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകളും ഗവേണിംഗ് ബോഡിയിലെ ചില അംഗങ്ങളുടെ വീടും ഇതേ ഭൂമിയിലാണ്. വിദ്യാഭ്യാസ ആവശ്യത്തിന് സര്‍ക്കാര്‍ പതിച്ചുനല്‍കിയ സ്ഥലത്ത്, മറ്റു കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നത് ചട്ടലംഘനമാണ്. അനധികൃത നിര്‍മ്മാണങ്ങളെ കുറിച്ച് റവന്യൂ വകുപ്പ് കൂടുതല്‍ പരിശോധന നടത്തും. റവന്യൂ വകുപ്പ് സെക്രട്ടറിതന്നെ തിങ്കളാഴ്ച സ്ഥലത്തെത്തി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയേക്കും. ചട്ടം ലംഘിച്ചതായി തെളിഞ്ഞാല്‍, ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്. അതിനിടെ, വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയും വഴിമുട്ടിയതോടെ, സമരം കടുപ്പിക്കുകയാണ് എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍. തിങ്കളാഴ്ച ക്ലാസ് ബഹിഷ്‌കരിച്ച് സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ലോ അക്കാദമി പ്രശ്‌നത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കെ മുരളീധരനും വി വി രാജേഷും നിരാഹാര സമരം തുടരുന്നുമുണ്ട്. തിങ്കളാഴ്ചചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍, നിര്‍ണ്ണായക തീരുമാനമുണ്ടാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.