തിരുവനന്തപുരം: തൃശൂർ പൂരത്തിന് വെടിക്കെട്ടുൾപ്പെടെയുളളവ മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി. തൃശൂർ പൂരത്തിൽ ആചാരങ്ങൾ മുടങ്ങില്ല. വെടിക്കെട്ട് ഉൾപ്പെടെയുളളവയ്ക്കു മുടക്കമുണ്ടാകില്ല. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ നാളെ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചിരുന്നു. ഹർത്താൽ ആഹ്വാനത്തെതുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിരുന്നില്ല.
കൊല്ലം പുറ്റിംഗൽ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രാത്രിയിൽ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട് നടത്തുന്നത് കഴിഞ്ഞ വർഷം ഹൈക്കോടതി നിരോധിച്ചത്. കോടതിവിധിയെ തുടർന്ന് സാംപിൾ വെടിക്കെട്ട് നടത്താനായി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ വർഷം അനുമതി നൽകി.