12.28 AM 13/01/2017
കൊച്ചി: പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിർത്ത കേസിൽ വിവാദ തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു. തെളിവിന്റെ അഭാവത്താൽ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വെറുതെവിടാൻ ഉത്തരവിട്ടത്. ഫേസ്ബുക്കിലൂടെ മതവിദ്വേഷം പടർത്താൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ റിമാൻഡിൽ കഴിയുന്ന ഭദ്രാനന്ദ ഇന്ന് കോടതിയിൽ ഹാജരായില്ല.
2008 മെയ് 17 ന് അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടിൽ തോക്ക് ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതിനെ തുടർന്ന് സ്വാമിയെ അനുനയിപ്പിക്കാൻ പോലീസ് ആലുവ സ്റ്റേഷനിൽ കൊണ്ടുവന്നത്. ഇതിനിടെ മാധ്യമപ്രവർത്തകർ ഫോട്ടോ പകർത്താൻ ശ്രമിക്കുമ്പോൾ പ്രകോപിതനായ ഹിമവൽ ഭദ്രാനന്ദ വെടിയുതിർക്കുകയായിരുന്നു. സിഐയ്ക്കും മാധ്യമപ്രവർത്തകനും വെടിവയ്പ്പിൽ പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച വിധി പറയാനിരുന്ന കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. കേസിൽ വിധി കേൾക്കാൻ ചൊവ്വാഴ്ച പറവൂർ കോടതിയിൽ ഹാജരാകവെ ഭദ്രാനന്ദയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്.ഐ വി.വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമവൽ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്.