ദളിത് ദമ്പതികള്‍ക്ക് നേരെ അക്രമം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

10:40 am 27/2/2017

download

കൊല്ലം: കൊല്ലത്ത് ദളിത് ദമ്പതികള്‍ക്ക് നേരെ അതിക്രമം നടത്തിയ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലിസുകാരായ ഷിഹാബുദ്ദീൻ, സരസൻ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. രണ്ടാഴ്ച മുൻപാണ് കൊല്ലം സ്വദേശികളായ ദമ്പതികളെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പൊലീസ് മര്‍ദ്ദിച്ചത്
ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് പുലര്‍ച്ചെയാണ് താറാട്ടേ്കോണം സ്വദേശി സജീവിനും ഭാര്യ രജനിക്കും മര്‍ദ്ദനമേറ്റത്. സജീവിന്‍റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് പുലര്‍ച്ചെ രണ്ടരയ്ക്ക് കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ ഷിഹാബുദ്ദീനും സരസനും എത്തിയത്. ശിവൻ തങ്ങളുടെ വീട്ടിലല്ല താമസിക്കുന്നതെന്ന് സജീവ് പറഞ്ഞെങ്കിലും പൊലീസുകാര്‍ പോയില്ല. വീടിന്‍റെ കതക് തള്ളിമറിച്ചിട്ട പൊലിസുകാര്‍ സജീവിനെ പിടിച്ച് തള്ളി. തറയിലിട്ട് ചവിട്ടുകയും ചെയ്തെന്നാണ് പരാതി. സജീവിന്‍റെ കൈയ്ക്ക് ഒടിവും പറ്റി.
ഈ സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി സ്പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഉത്തരവാദികളായ പൊലീസുകാരെ കിളികൊല്ലൂര്‍ സ്റ്റേഷനില്‍ നിന്നും മാറ്റിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന രണ്ടാമത്തെ അക്രമമാണിത്. നേരത്തെ അഞ്ചാലൂമൂട് സ്റ്റേഷനില്‍ സമാന സംഭവമുണ്ടായിരുന്നു.