ദേശീയത വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി

12.23 AM 27/01/2017
pinarayimic_016011016
തിരുവനന്തപുരം: ദേശീയത ഇന്നു നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവർ എന്നും നമ്മളെന്നും വേർതിരിച്ച് ആളുകളെ തമ്മിൽതല്ലിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെ ചെറുത്തു തോൽപിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ പരമാധികാര സഭയായ പാർലമെന്‍റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയും ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാവില്ലെന്നും ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തിൽ പറയലല്ല, ന്യൂനപക്ഷത്തിന്‍റെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണെന്നും പിണറായി കുറിച്ചു. അതിനുള്ള അവസരങ്ങൾ ഉണ്ടാവണമെന്നും അവ സങ്കുചിത താത്പര്യങ്ങൾക്കതീതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നമുക്ക് കഴിയുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പൊതുവെ ഒരേ രാജ്യത്തെ ജനതയാണെന്ന ധാരണയോടെയും ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായാണ് പരിഹരിക്കപ്പെടേണ്ടതെന്നും, നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ സങ്കല്പം പൂർണമായ അർത്ഥത്തിൽ പുലരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുന്ന പോസ്റ്റിൽ സാംസ്കാരികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു വ്യവസ്ഥയും അടിച്ചേല്പിക്കപ്പെടാൻ ഇടവന്നുകൂടായെന്നും സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സർക്കാർ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യൻ ഭരണഘടനയുടെ നിർദേശം പൂർണ്ണമായും അംഗീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ പോസ്റ്റ് അവസാനിക്കുന്നത്.