ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി.

08:07 am 17/1/2017

images (2)
തിരുവനന്തപുരം: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വീതികൂട്ടുമ്പോള്‍ വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാടിന്‍െറ പുരോഗതിക്കും പൊതുനന്മക്കുമായാണ് ഈ തീരുമാനം. ഇത് അംഗീകരിക്കാതെ ഭൂമി നഷ്ടപ്പെടുന്നതിലെ വിഷമം കാരണം അത് ഏറ്റെടുക്കാന്‍ പാടില്ളെന്ന നിലപാടെടുക്കുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവരെക്കാള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളത്. എന്നാല്‍, റോഡ് വികസനം നാടിന്‍െറ ആവശ്യമെന്ന നിലയില്‍, അതിന് തടസ്സം നില്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായസഹകരണവും പിന്തുണയും ആവശ്യമാണ്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൈക്കൊണ്ട അടിയന്തര നടപടികളിലൂടെ ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ്, അലൈന്‍മെന്‍റ് തീരുമാനിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയപാത വികസനം സര്‍ക്കാറിന്‍െറ മുഖ്യ അജണ്ടകളില്‍ ഒന്നാണ്. ഇക്കാര്യത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ബാക്കി നടപടികള്‍ക്ക് തടസ്സമുണ്ടാവില്ളെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഫണ്ട് അവര്‍ക്കൊരു പ്രശ്നമല്ളെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.