ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി

06:05 pm 13/1/2017

download (4)
ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാൻ ഒരു വര്‍ഷത്തെ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല ഉടമകൾ സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി തള്ളി.
ദേശീയ-സംസ്ഥാന പാതകൾക്ക് അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലായിരുന്നു മദ്യശാലകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിധിയിൽ ഇളവ് നൽകണമെന്നും, അല്ലെങ്കിൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് മാഹിയിലെ മദ്യശാലാ ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികൾ തള്ളി.
വിധി നടപ്പാക്കുന്ന കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഏതെങ്കിലും ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്തുവരുമെന്ന് വ്യക്തമാക്കി. വിധിയിൽ മദ്യവില്പന എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് വിധി ബാറുകൾക്ക് ബാധകമാണോ എന്നതിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിലെയും മഹാരാഷ്ട്രയിലെയും ബാറുടമകൾ അപേക്ഷ നൽകിയിരുന്നു. വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ബാറുടമകൾ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോൾ അവർ വിഷയം ഉന്നയിച്ചില്ല. ഇതോടെ കോടതി വിധി ബാറുകൾക്ക് ബാധകമാകുമോ എന്നതിലെ അവ്യക്തത തുടരും.