08:00 am 27/2/2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. കേസിലെ ഗൂഢാലോചന സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയും തിരുത്തും പ്രതിപക്ഷം ആയുധമാക്കും. വ്യാഴാഴ്ച സഭ തുടങ്ങിയ അന്നുതന്നെ സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നയ പ്രഖ്യാപനത്തിന് ശേഷം ചേരുന്ന സഭ പ്രതിപക്ഷ ബഹളത്തില്‍ പ്രക്ഷുബ്ദമാകാനും ഇടയുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ പ്രധാന പ്രതികളായ സുനിയേയും വിജീഷിനേയും കോയമ്പത്തൂരിലെത്തി തെളിവെടുത്തിരുന്നു. വൈകുന്നേരത്തോടെയാണ് ഇവരെ തിരിച്ച് ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചത്. ഇന്നലെ രാത്രി മുതല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സുനി ഉപേക്ഷിച്ചെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തുന്നുണ്ട്..
