നടിയെ ആക്രമിച്ച സംഭവം; പൊലിസിന് തിരിച്ചടി

07:33 pm 4/3/2017

download (7)
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തിരിച്ചടി. നുണപരിശോധനക്ക് തയാറല്ലെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ കോടതിയില്‍ നിലപാടെടുത്തതാണ് അന്വേഷണസംഘത്തിന് തിരിച്ചടിയായത്. മൊബൈല്‍ ഫോണ്‍ കായലിലെറിഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് പോളിഗ്രാഫിലൂടെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ.
മുഖ്യപ്രതി സുനില്‍ കുമാറിനെ ആലുവയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നുണ പരിശോധന വേണമെന്ന കാര്യം പൊലീസ് അറിയിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞുകളഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് ഉറപ്പിക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് ആവശ്യമായിരുന്നു. നിലവിലെ നിയമമനുസരിച്ച് നുണപരിശോധന നടത്തണമെങ്കില്‍ അതിന് വിധേയനാകുന്നയാളുടെ അനുമതി വേണം. അത് സാക്ഷിയായാലും പ്രതിയായാലും സ്വയം നല്‍കുന്ന അനുമതിയുണ്ടെങ്കിലേ കോടതിക്ക് ഉത്തരവിടാനാകൂ.
മുഖ്യപ്രതി സുനില്‍കുമാര്‍ വിസമ്മതം അറിച്ചതോടെ നുണപരിശോധനക്കുളള വഴിയും അന്വേഷണസംഘത്തിന് മുന്നില്‍ അടയുകയാണ്. അ‍ഞ്ചു ദിവസത്തെ കസ്റ്റഡി കൂടി കിട്ടിയിട്ടുണ്ട് എന്നതാണ് നിലവിലെ ആശ്വാസം. വരും ദിവസത്തെ ചോദ്യം ചെയ്യലിലൂടെ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാകുമെന്നും പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കുറ്റം ദുര്‍ബലമാകും.
അതിനെ മറികടക്കാനാണ് ചില ദൃശ്യങ്ങള്‍ സുനില്‍ കുമാര്‍ തങ്ങളെ കാട്ടിയെന്ന ഇയാളുടെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍നിന്നും മെമ്മറി കാര്‍ഡുകളില്‍ നിന്നും ഈ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ഒരു പരിധി വരെ പൊലീസിന് ആശ്വാസമാകും. ഇവയുടെ പരിശോധനാഫലങ്ങള്‍ ഫോറന്‍സിക് ലാബില്‍ നിന്ന് അടുത്തദിവസം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.