നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.

02:48pm 27/2/ 2017

download (23)
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മണികണ്ഠൻ, വടിവാൾ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ, പ്രദീപ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ നാല് ദിവസമാണ് കോടതി അംഗീകരിച്ചത്. പൾസർ സുനിക്കും ബിജീഷിനും ഒപ്പമിരുത്തി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കിലേ കേസിലെ നിർണായ വിവരങ്ങൾ ലഭിക്കൂ എന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

അതേസമയം തങ്ങളെ പോലീസ് മർദ്ദിക്കുകയാണെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴാണ് പ്രതികൾ മർദ്ദിക്കുന്നുവെന്ന പരാതി പറഞ്ഞത്. പരാതി എഴുതി നൽകുന്നുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു പ്രതികളുടെ മറുപടി. കേസിൽ സുനി തങ്ങളെ കൊണ്ടുപോയി കുടുക്കുകയായിരുന്നുവെന്നും ഇതിന് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നുമായിരുന്നു പ്രതികളുടെ ആരോപണം.