നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

05:21 pm 22/2/2017
download
തിരുവനന്തപുരം: കൊച്ചിയിലെ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവമുണ്ടായപ്പോൾ തന്നെ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ആളുകളിൽ പ്രധാന പ്രതികൾ ഒഴികയുള്ളവരെല്ലാം പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികളെ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. അവരെ അറസ്റ്റ് ചെയ്ത ശേഷം കൂടുതൽ നടപികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരേ ഉയർന്ന ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി നമ്മുടെ നാട്ടിൽ എന്തും വിളിച്ചുപറയാൻ ലൈസൻസുള്ള ചിലരുണ്ടെന്ന് പരിഹസിച്ചു. സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന ഹൈക്കോടതിയുടെ വിമർശനം സർക്കാർ ഗൗരവമായി കാണുന്നുണ്ട്. വിജിലൻസിന് ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നത് സംബന്ധിച്ച വിശദീകരണത്തിന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിനെ സമീപിക്കും. സംസ്ഥാനം അഭിമുഖീകരിക്കുന്ന വരൾച്ച നേരിടാൻ കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്നും 991.54 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്ഥലംമാറ്റം സംബന്ധിച്ചുയരുന്ന ആക്ഷേപങ്ങളും പരാതികളും പരിഹരിക്കാനാണിത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കഐഎസ്) നടപ്പാക്കുന്നതിനെതിരേ നടക്കുന്ന സമരത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എന്തുവന്നാലും കഐഎസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം സമരം ചെയ്യുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്തു.

സർക്കാരിനെതിരേ സിപിഐ നേതൃത്വത്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അവരുകൂടി ഉൾപ്പെടുന്ന സർക്കാരല്ലേ ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ സിപിഐക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന വാർത്തകളിൽ വസ്തുതയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.