11:23 AM 04/01/2017

ബംഗളുരു: ബംഗ്ളുരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ബംഗളൂരുവിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തു വന്നിരിക്കുന്നത്.
കിഴക്കൻ ബംഗളുരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. യുവതി തനിയെയാണെന്ന് കണ്ട് അതുവഴി സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുപേരിലൊരാൾ ബലമായി തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്.
എതിർക്കുകയും അടിക്കുകയും ചെയ്യുന്ന യുവതിയെ ഇയാൾ സ്കൂട്ടറിലിരിക്കുന്ന സുഹൃത്തിനടുത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നു. കുറച്ചകലെയുള്ള റോഡിൽ ആൾത്തിരക്കുണ്ടെങ്കിലും യുവതി ഒച്ചവെച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അവസാനം യുവതിയെ കീഴ്പ്പെടുത്താൻ കഴിയാതെ രണ്ടുപേരും സ്കൂട്ടറിൽ രക്ഷപ്പെടുന്നതാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്.
ഡിസംബര്‍ 31ന് അര്‍ധരാത്രി ബെംഗളൂരു എംജി റോഡില്‍ 1500ഓളം പോലീസുകാരുടെ സാന്നിധ്യത്തില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത് വലിയ വിവാദമായിരുന്നു. പൊലീസ് ഈ സംഭവങ്ങൾ കണ്ടതായി നടിക്കുകയോ പരാതിക്കാരെ സഹായിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസുകാരിയുടെ തോളിൽ കിടന്ന് ഒരു യുവതി പൊട്ടിക്കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
