07:19pm 11/4/2017
തിരുവനന്തപുരം നന്ദന്‍കോട് കൂട്ട കൊലപാതകത്തില്‍ പിടിയിലായ കേദല്‍ ജീന്സന് രാജ് എന്തിനാണ് ഈ കൊടുംക്രൂര ചെയ്തതെന്ന ചോദ്യങ്ങള്‍ക്ക് ഏകദേശം ഉത്തരമായത് ഇന്നലെ രാത്രിയാണ്. സാത്താന്‍സേവക്ക് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് കേദലിന്റെ മൊഴി. പ്രാചീന ഈജിപ്തിലും ചൈനയിലും ഇന്ത്യയിലും വരെ അതീന്ദ്രിയസിദ്ധികള്‍ അവകാശപ്പെട്ടിരുന്നവര്‍ അനുഷ്ഠിച്ചിരുന്ന ആസ്ട്രല്‍ പ്രൊജക്ഷന് എന്ന കര്‍മം പരീക്ഷിക്കാനാണ് കേദല്‍ കൂട്ടക്കൊല ചെയ്തതെന്ന് പൊലീസ് പറയുന്നു.
എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന് ?
ഏറ്റവും ലളിതമായി പറഞ്ഞാല്‍ ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന പ്രവര്‍ത്തി ആണ് ആസ്ട്രല്‍ പ്രൊജക്ഷന്. നഗ്നനേത്രങ്ങള്‍ക്ക് അജ്ഞാതമായ സൂക്ഷ്മ ദേഹത്തെ (ആസ്ട്രല്‍ ബോഡി) ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്നതിനെയാണ് ആസ്ട്രല്‍ പ്രൊജക്ഷന് എന്നു വിശേഷിപ്പിക്കുന്നത്. വിദൂരത്തുള്ള ഒരാളിലേക്ക് ഇന്ദ്രിയ സഹായമില്ലാതെയുള്ള സന്ദേശ കൈമാറ്റത്തെ വിശേഷിപ്പിക്കുന്ന ടെലിപ്പതി എന്ന പ്രതിഭാസത്തിന്റെയും ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത പരകായ പ്രവേശമെന്ന രീതിയുടെയും മറ്റൊരു വശമാണ് ആസ്ട്രല്‍ പ്രൊജക്ഷന്.
ശരീരത്തില്‍ നിന്നു സൂഷ്മ ദേഹത്തെ അഥവാ ആത്മാവിനെ വേര്‍പെടുത്തി യഥേഷ്ടം പ്രപഞ്ചം മുഴുവന്‍ സഞ്ചരിക്കാനും ശരീരബോധത്തിനപ്പുറമുള്ള വിസ്മയങ്ങളെ കാണാനും അറിയാനും ആസ്ട്രല്‍ പ്രൊജക്ഷന് വഴി കഴിയുമെന്നാണ് ഇത് പരിശീലിക്കുന്നവരുടെ അവകാശവാദം. എന്നാല്‍ ഇതൊരു കാല്പനികകഥ മാത്രമാണെന്നും ശാസ്ത്രീയ അടിസ്ഥാനമില്ലെന്നുമാണ് ശാസ്ത്രലോകത്തിന്റെ വാദം. ഇതൊക്കെയാണെങ്കിലും പാശ്ചാത്യലോകത്തും പ്രാചീന ഈജിപ്ത്, ചൈന, ഇന്ത്യ, ജപ്പാന്, പടിഞ്ഞാറന്‍ ആര്‍ട്ടിക്കിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുമൊക്കെ ആസ്ട്രല്‍ പ്രൊജക്ഷന്റെ വ്യത്യസ്ത വകദേദങ്ങള്‍ പരിശീലിച്ചുവന്നിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. 19ാം നൂറ്റാണ്ടില്‍ യോഗികള്‍ക്കിടയില്‍ വേരൂന്നിയ സൂക്ഷ്മ ദേഹത്തിന്റെ ശരീരം വിട്ടുള്ള യാത്രകള്‍ക്ക് മന്ത്രാവാദത്തിന്റെയും ദുര്‍മന്ത്രവാദത്തിന്റെയും അകമ്പടിയുണ്ടായിരുന്നു. യോഗാവസ്ഥക്ക് അപ്പുറം മന്ത്രവാദത്തിലേക്ക് കടക്കുമ്പോഴാണ് ആസ്ട്ര പ്രൊജക്ഷന് കുറ്റകൃത്യങ്ങള്‍ക്ക് വഴിമാറുന്നത്. ശരീരത്തില്‍ നിന്നു ആത്മാവിനെ വേര്‍പ്പെടുത്താന്‍ നരബലിക്ക് സാധിക്കുമെന്ന ആശയമാകാം മാതാപിതാക്കളെയും സഹോദരിയെയും കൊന്ന് പരീക്ഷണം നടത്താന്‍ കേദലിനെ പ്രേരിപ്പിച്ച ഘടകം.
ധ്യാനത്തിലൂടെയും സ്വപ്നത്തിന്റെയും അകമ്പടിയോടെയുമാണ് ആത്മാവിന്റെ ഈ ദുരൂഹതയില്‍ പൊതിഞ്ഞ സഞ്ചാരത്തിന് തുടക്കമാകുന്നത്. സ്വയം വിളിച്ചുവരുത്തുന്ന വിഭ്രാന്താനുഭവങ്ങളെയാണ് ആസ്ട്രല്‍ പ്രൊജക്ഷന് ആയി തെറ്റിദ്ധരിക്കുന്നതെന്ന് ചിലര്‍ കരുതുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദമായതു കൊണ്ട് തന്നെ ആസ്ട്രല്‍ പ്രൊജക്ഷനെ ശാസ്ത്രാഭാസമായാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഒരാളുടെ ശരീരവും സൂക്ഷ്മ ദേഹവും ഇന്ദ്രിയങ്ങള്‍ക്ക് അനുഭവസാധ്യമാകുന്നതിനപ്പുറമുള്ള പ്രകാശത്തിന്റെ നൂലിഴകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് ഇത് പൊട്ടുകയെന്നുമാണ് ആസ്ട്രല്‍ പ്രൊജക്ഷന് പരിശീലിക്കുന്നവര്‍ പറയുന്നത്. നവജാത ശിശുക്കളില്‍ കുറച്ച് കാലത്തേക്ക് ഈ സൂക്ഷ്മ ദേഹവും ശരീരവും തമ്മില്‍ അകന്നാണ് ഇരിക്കുകയെന്നും ഇവര്‍ ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളിലൂടെ അതീന്ദ്രിയ ലോകവുമായി ബന്ധം സ്ഥാപിക്കാറുണ്ടെന്നും പറയപ്പെടുന്നു. ഇതൊക്കെ മന്ത്രവാദത്തെ അടിസ്ഥാനമാക്കിയാണ് വിശദീകരിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ഇതൊക്കെ പരിശീലിക്കുന്നതും. ഇന്ത്യയില്‍ ഇതിന് യോഗയുമായി ബന്ധമുണ്ട്. മഹാഭാരതത്തില്‍ ദ്രോണര്‍ക്ക് ഈ സിദ്ധിയുണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ആധുനിക ശാസ്ത്ര ലോകം ഇതിനെ കബളിപ്പിക്കലായാണ് വിലയിരുത്തുന്നത്.
കടപ്പാട്: മീഡിയാ വൺ.