നൂറ്റിഅൻപതോളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണമായ റാൻസംവേർ കേരളത്തിലും.

03:20 pm 15/5/2017

കോട്ടയം: വയനാട്, പത്തനംതിട്ട ജില്ലകളിലാണ് സൈബർ ആക്രമണം നടന്നിരിക്കുന്നത്. വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെയും കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെയും കന്പ്യൂട്ടറുകളാണ് റാൻസംവേർ ആക്രമണം നടന്നിരിക്കുന്നത്.

വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് വിൻഡോസ് കന്പ്യൂട്ടറുകളാണ് തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായത്. വെള്ളിയാഴ്ച ഷട്ട് ഡൗണ്‍ ചെയ്തുപോയ കന്പ്യൂട്ടറുകളാണ് ഇവയെന്ന് ഓഫീസ് അധികൃതർ അറിയിച്ചു.

രാവിലെ കന്പ്യൂട്ടറുകൾ തുറന്നപ്പോഴാണ് മൈ ഡോക്യൂമെന്‍റ്സിലുള്ള ഫയലുകൾ തുറക്കാൻ കഴിയാതെ വന്നത്. മൂന്നുദിവസത്തിനകം തുകയടച്ചില്ലെങ്കിൽ ഫയലുകൾ ഡിലീറ്റ് ചെയ്യുമെന്ന് അറിയിപ്പാണ് സ്ക്രീനിൽ തെളിയുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണിത്. സൈബർ വിദഗ്ധർ 10 മണിയോടെ തന്നെ ഓഫീസിലെത്തി കന്പ്യൂട്ടറുകൾ പരിശോധിച്ചുവരികയാണ്. എന്നാൽ വെള്ളിയാഴ്ച ഇത്തരം പ്രശ്നങ്ങളൊന്നും കന്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ലെന്നാണ് ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻറ് പറയുന്നത്. പ്രധാനപ്പെട്ട ഫയലുകളാണ് തുറക്കാൻ കഴിയാതായിരിക്കുന്നത്.

കോന്നി അരുവാപ്പുലം പഞ്ചായത്തിൽ കന്പ്യൂട്ടറുകളും തിങ്കളാഴ്ച രാവിലെ മുതലാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. ഇവിടെനിന്നു ഹാക്കർമാർ ആവശ്യപ്പെടുന്നത് 300 ഡോളറാണ്. പണം ലഭിച്ചില്ലെങ്കിൽ കന്പ്യൂട്ടറിലെ മുഴുവൻ ഫയലുകളും നശിപ്പിക്കുമെന്നും ഹാക്കർമാർ ഭീഷണി സന്ദേശം അയച്ചതായി അധികൃതർ അറിയിച്ചു.

റാൻസംവേർ സൈബർ അക്രമണം കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു ലക്ഷം സ്ഥാപനങ്ങളെയാണ് നിലവിൽ ബാധിച്ചിരിക്കുന്നത്. സ്വയം വ്യാപിക്കാൻ ശേഷിയുള്ളതാണിവ. കന്പ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾ, ഓഹരി വിപണികൾ, ടെലികോം കന്പനികൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. –