09:23 am 19/4/2017
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ രാജ്യാന്തര സർവീസ് ഓപ്പറേഷനും പുതിയ ടെർമിനലായ ടി-3 ലേക്കു മാറി. ഇന്നലെ ഉച്ചകഴിഞ്ഞ് ടി-1-ൽനിന്നു രാജ്യാന്തര വിമാനങ്ങളൊന്നും പുറപ്പെട്ടില്ല. ടി-3യിലെ പുതിയ ട്രാഫിക് സംവിധാനവും പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും കൃത്യമായി പ്രവർത്തിച്ചതായി അധികൃതർ പറഞ്ഞു.
മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ ഉച്ചകഴിഞ്ഞുള്ള യാത്രക്കാരെല്ലാം ടി-3യിൽ തന്നെയാണ് എത്തിയത്. പുതിയ സാഹചര്യത്തിൽ ടി-1 ന്റെ പ്രവർത്തനം തത്കാലം നിർത്തിവച്ചിട്ടുണ്ട്. ടി-1 ആഭ്യന്തര ടെർമിനലായി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും.
ഇന്നലെ ടി-3യിലെത്തിയ യാത്രക്കാരെ ചോക്ലേറ്റുകളും ഫെസിലിറ്റി മാപ്പും ഉൾപ്പെടെ നൽകി ഡിപ്പാർച്ചർ കവാടത്തിൽ സിയാൽ അധികൃതർ സ്വീകരിച്ചു.

