പാലക്കാട്: നെഹ്റു ഗ്രൂപ്പിന്റെ ഹോസ്പിറ്റലില്‍ രണ്ട് ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒറ്റപ്പാലം വാണിയംകുളത്തെ പി.കെ ദാസ് ഹോസ്പിറ്റലിലെ റേഡിയേഷന് വിഭാഗം ജീവനക്കാരികളായ ഐശര്യ, സൗമ്യ എന്നിവരാണ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവർ വെൻറിലേറ്ററിലേറ്ററിലാണുള്ളത്. ഇന്നലെ രാത്രിയിലാണ് ഇവര്‍ എക്സ് റേ റൂമിൽ ഉപയോഗിക്കുന്ന ആസിഡ് കഴിച്ചത്. നല്ല സൗഹൃദബന്ധം പുലർത്തുന്ന ഇരുവരും വിവാഹിതരാണ്. ആശുപത്രി ജോലിയിൽ നിന്നും വിരമിക്കാൻ രണ്ടുപേരും തീരുമാനമെടുത്തിരുന്നു. പിരിയുന്നതിലുള്ള വിഷമമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആശുപത്രി മാനേജ്മെൻറ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേരത്തേ നെഹ്റു ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പാമ്പാടിയിലെ എഞ്ചിനീറിംഗ് കോളേജിൽ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോളെജ് അടിച്ചു തകർത്തിരുന്നു. സംസ്ഥാനമൊട്ടാകെ വൻതോതിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിന് സംഭവം വഴിവെച്ചിരുന്നു.

