02.33 PM 08/01/2017

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ വിഷയത്തിൽ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെ ചോദ്യംചെയ്ത് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി(പിഎസി). മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ആർബിഐ ഗവർണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
തീരുമാനത്തിലെ റിസർവ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങൾ, രണ്ട് മാസത്തിനിടെ ചട്ടങ്ങൾ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്. തിടുക്കത്തിൽ അർധരാത്രി നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണമെന്ത് എന്നതടക്കമുള്ള ചോദ്യങ്ങളും കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. എത്ര പണം അസാധുവാക്കിയെന്നും അതിൽ എത്ര ബാങ്കുകളിലേക്കും തിരിച്ചെത്തിയെന്നും വ്യക്‌തമാക്കണമെന്ന് പിഎസി ആവശ്യപ്പെട്ടു. ഈമാസം 28നു മുമ്പ് കമ്മറ്റിക്ക് മുമ്പിൽ ഹാജരായി ഇക്കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നും ആർബിഐ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പത്തു ചോദ്യങ്ങളാണ് ഉർജിത് പട്ടേലിന് പിഎസി കൈമാറിയിരിക്കുന്നത്.
അധികാര ദുർവിനിയോഗത്തിന് ഗവർണർ സ്‌ഥാനത്തുനിന്നു നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 30നാണ് പിഎസി ഉർജിത് പട്ടേലിന് ചോദ്യാവലി അയച്ചതെന്ന് സൺഡേ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
