12.00 AM 04/12/2016
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ കൈകോർക്കാനൊരുങ്ങിയ ഇടതും വലതും നേർക്കുനേർ പോര് തുടങ്ങി. തോമസ് ഐസക് റോഡ് ഷോ നിർത്തി ശമ്പളവിതരണത്തിനുള്ള ബദൽ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തലയുടേത് ബിജെപി നിലപാടാണെന്നായിരുന്നു ഐസകിന്റെ മറുപടി.
ശമ്പള-പെൻഷൻ പ്രതിസന്ധി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ബദൽ നടപടി ഒരുക്കാൻ ഐസകിന് കഴിഞ്ഞില്ലെന്നാണ് രമേശിന്റെ വിമർശനം.
എന്നാല്‍ മോദിക്കെതിരായ സമരങ്ങളിൽ കോൺഗ്രസ് അപ്രക്തമാകുന്നതിന്റെ ജാള്യത മറക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്നായിരുന്നു ഐസകിന്റെ മറുപടി. കോൺഗ്രസ് ബിജെപിയുടെ ബീ ടീമായി മാറിയെന്നും തോമസ് ഐസക് ആരോപിച്ചു.
നോട്ട് പ്രതിസന്ധിക്കൊപ്പം റേഷൻ വിതരണം താറുമാറാക്കി സംസ്ഥാന സർക്കാറും ജനത്തെ വലച്ചുവെന്ന് സുധീരനും പറഞ്ഞു. ഇടതുമായി സംയുക്ത സമരത്തിന് താല്പര്യമെടുത്ത ചെന്നിത്തലയാണിപ്പോൾ സംസ്ഥാനസർക്കാറിനെയും കടന്നാക്രമിക്കുന്നത്.
വിമർശനമുന കേന്ദ്രത്തിനെതിരെ മാത്രം പോരെന്ന കോൺഗ്രസ് ക്യാമ്പിന്റെ വിലയിരുത്തലാണ് നിലപാട് മാറ്റത്തിന്റെ കാരണം. ശമ്പള വിതരണത്തിന്റെ മൂന്നാം ദിനം ട്രഷറികളിൽ കാര്യമായ തിരക്കമുണ്ടായില്ല. ചോദിച്ച പണം മുഴുവൻ കിട്ടിയില്ലെങ്കിലും ഇടപാടുകാർ കുറവായതിനാൽ വന്നവർക്കെല്ലാം പണം കിട്ടി.