07:47 am 27/2/2017

ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്. ഉത്തർപ്രദേശിലെ മവു ജില്ലയിലെ പര്യടനത്തിനിടെ അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണി. ഹരൺ പാണ്ഡ്യ വധക്കേസിലെ പ്രതി റസൂൽ പതിയാണ് പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് മവു എഎസ്പി കെ.കെ സിംഗ് പറയുന്നു.
റസൂൽ പതിയും കൂട്ടാളികളും റോക്കറ്റ് ലോഞ്ചറുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി തയാറാക്കുന്നതായി വിവരം ലഭിച്ചതായി എഎസ്പി അറിയിച്ചു. ഇതോടെ പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി മവു ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കും.
