പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്.

08:30 am 4/2/2017
images
ചണ്ഡിഗഢ്/പനാജി: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ശനിയാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ഫലമറിയാന്‍ മാര്‍ച്ച് 11വരെ കാക്കണം. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 സീറ്റിലേക്കും പതിവില്‍ കവിഞ്ഞ വീറും വാശിയിലുമാണ് ഇക്കുറി മത്സരം. പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണപോരിനെ അഭിമുഖീകരിക്കുമ്പോള്‍ ഗോവയില്‍ ചതുഷ്കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍- ബി.ജെ.പി സഖ്യം, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് മത്സരരരംഗത്ത്. ഗോവയില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) എന്നിവയും മത്സരിക്കുന്നു. ഇതില്‍ എം.ജി.പി, ആര്‍.എസ്.എസ് വിമതന്‍ സുഭാഷ് വേലിംഗറുടെ ഗോവ സുരക്ഷാ മഞ്ചുമായും ശിവസേനയുമായും സഖ്യമുണ്ടാക്കിയാണ് പോരിനിറങ്ങുന്നത്. മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഇരു സംസ്ഥാനത്തും രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് പോളിങ്.

പഞ്ചാബില്‍ കഴിഞ്ഞ 10 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന അകാലി-ബി.ജെ.പി സഖ്യത്തിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലവിലുണ്ട്. 1.98 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 81 വനിതകളും ഭിന്നലിംഗക്കാരുമടക്കം 1,145 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. അമൃത്സര്‍ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. അകാലിദള്‍ 94 സീറ്റിലും സഖ്യകക്ഷിയായ ബി.ജെ.പി 23 സീറ്റിലും മത്സരിക്കുന്നു. ആം ആദ്മി 112 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 74കാരനായ പട്യാല രാജകുടുംബാംഗം അമരീന്ദര്‍ സിങ്ങാണ് കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.

250 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ഗോവയില്‍ 11 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഗോവയിലേക്ക് ആദ്യമായത്തെുന്ന അരവിന്ദ് കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി 39 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബി.ജെ.പി 37ലും കോണ്‍ഗ്രസ് 38 സീറ്റിലുമാണ് ജനവിധി തേടുന്നത്.