12.15 PM 09/01/0217

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോൾ പമ്പുകൾ പിൻവലിച്ചു. ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്. ബാങ്കുകളുമായുള്ള ചർച്ചയിൽ 13 –ാം തീയതിവരെ ചാർജ് ഈടാക്കില്ലെന്ന് അറിയിച്ചു.
കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽനിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്.
കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. നേരത്തെ, കാർഡ് ഉപയോഗിച്ച് പെട്രോൾ വാങ്ങുന്നതിന് 0.75 ശതമാനം വിലക്കുറവും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈസമയമാണ് ട്രാൻസാക്ഷൻ ഫീസുമായി ബാങ്കുകളുടെ പിഴിച്ചിൽ.
