പരസ്‌നേഹ പ്രവൃത്തികളിലൂടെയാണ് മനുഷ്യമഹത്വം വെളിവാകുന്നത് : മാര്‍ ആലഞ്ചേരി

08:26 am 11/6/2017


കൊച്ചി: പരസ്‌നേഹ പ്രവര്‍ത്തികളിലൂടെയാണ് മനുഷ്യമഹത്വം വെളിവാക്കുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭ എക്കാലത്തും വിദ്യാഭ്യാസആതുരാലയ മേഖലകളില്‍ ചെയ്യുന്ന സേവനങ്ങളെക്കാള്‍ ഏറെ പ്രാധാന്യം കല്‍പിച്ചിരിക്കുന്നതു കാരുണ്യഉപവി പ്രവര്‍ത്തനങ്ങള്‍ക്കാണ്. സഭയുടെ കാരുണ്യ ശ്രുശൂഷകള്‍ ജാതിമതഭേദമില്ലാതെ ലഭ്യമാക്കുന്നു എന്ന യാഥാര്‍ഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. സീറോ മലബാര്‍ സഭയുടെ സാമൂഹ്യശുശ്രൂഷകളുടെ നെറ്റ് വര്‍ക്കിംഗ് പരസ്പര പൂരക പഠനത്തിനും ഗുണമേന്മ വര്‍ധനവിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ സഭയുടെ രൂപതകളിലെയും സന്യാസ സമര്‍പ്പിത സമൂഹങ്ങളിലെയും സാമൂഹ്യശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുന്നവരുടെ സംഗമം കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പന്ദന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്‍റ് നെറ്റ്‌വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ആന്‍റണി കരിയില്‍, ഫാ. ആന്‍റണി കൊല്ലന്നൂര്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കല്‍, ബീന സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.