05:50 pm 28/5/2017
ബദിയടുക്ക (കാസര്‍കോട്): പര്‍ദ ധരിച്ച് കാമുകനെ തേടിയെത്തിയ യുവതി അവസാനം പോലീസ് പിടിയിലായി. ബദിയടുക്ക മൂക്കംപാറയില്‍ എത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംശയാസ്പദ സാഹചര്യത്തില്‍ അജ്ഞാതയുവതി കറങ്ങുന്നകാര്യം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് അവരെ ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കാമുകനെ തേടി ബംഗളൂരുവില്‍നിന്ന് എത്തിയതാണെന്ന് യുവതി പറഞ്ഞു. മാവോവാദിയെന്ന സംശയത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരടക്കം ബദിയടുക്കയില്‍ എത്തി.
വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പര്‍ദ ധരിച്ച് നടന്നുപോകുന്ന യുവതിയെ സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്. കന്നടയിലും ഹിന്ദിയിലുമാണ് സംസാരിച്ചത്. ഒരു കല്യാണത്തിന് വന്നതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. മഞ്ജുളയെന്നാണ് പേര് പറഞ്ഞത്. കര്‍ണാടകയിലെ കുപ്രസിദ്ധ നക്സലൈറ്റ് നേതാവ് മഞ്ജുളയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ഇവരെ പിന്തുടര്ന്നു.
പൊലീസ് എത്തുന്നതിനുമുമ്പ് ബദിയടുക്ക ബസ്സ്റ്റാന്‍ഡില്‍നിന്ന് കര്‍ണാടക പുത്തൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സിയില്‍ യുവതി യാത്രയായി. തുടര്‍ന്ന് പൊലീസ് യുവതിയെ പിന്തുടര്ന്ന് പെര്‍ളയില്‍നിന്ന് ബസില്‍നിന്ന് ഇറക്കി കസ്റ്റഡിയിലെടുത്തു. ബംഗളൂരു സ്വദേശിയാണെന്നും ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണെന്നും പൊലീസിനോട് പറഞ്ഞു. ബദിയടുക്കയിലെ യുവാവുമായി പ്രണയത്തിലാണെന്നും പറഞ്ഞു. യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ ആള് ഇപ്പോള്‍ വിദേശത്താണെന്ന് മനസ്സിലായി. അതോടെ ബംഗളൂരുവിലെ ബന്ധുക്കളെ വിവരം അറിയിച്ച് പൊലീസ് യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി.