08:53 am 22/2/2017
ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനി കുട്ടനാട്ടില്‍ ഹൗസ് ബോട്ടില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രിയാണ് പൊലീസിന്‍െറ വിവിധ സംഘങ്ങള്‍ കുട്ടനാടിന്‍െറ പല ഭാഗങ്ങളിലും തങ്ങുന്ന ഹൗസ് ബോട്ടുകളില്‍ പരിശോധന നടത്തിയത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്. പ്രമുഖരായ പല നടന്മാര്ക്കും ആലപ്പുഴയില്‍ ആഡംബര ഹൗസ് ബോട്ടുകള്‍ ഉണ്ടെന്നതും അന്വേഷണത്തിന് കാരണമായിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് അമ്പലപ്പുഴയില്‍ എത്തിയ സുനി തലനാരിഴക്ക് രക്ഷപ്പെട്ടത്. ഒളിവില്‍ കഴിയാന്‍ സുഹൃത്തുക്കളില്‍നിന്ന് പണം സംഘടിപ്പിക്കാന്‍ കൂടിയാണ് ഇയാള്‍ ഇവിടെ എത്തിയത്. എന്നാല്‍, ആവശ്യപ്പെട്ട പണം ലഭിച്ചില്ല. തുടര്‍ന്ന് കായംകുളത്ത് എത്തി സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് പണം വാങ്ങിയതായാണ് സൂചന. ടൗണിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആണ് പണയം വെച്ചത്. അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

