ന്യൂഡൽഹി: ഇന്ത്യയുമായി ചർച്ച ആഗ്രഹിക്കുന്നുവെങ്കിൽ പാകിസ്താൻ തീവ്രവാദത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപരമായ ബന്ധം ആഗ്രഹിച്ചാണ് പാകിസ്താൻ സന്ദർശിച്ചത്. ഇന്ത്യക്ക് ഒറ്റക്ക് സമാധാനത്തിെൻറ പാതയിലൂടെ സഞ്ചരിക്കാനാവില്ലെന്നും പാകിസ്താനും സമാധാന മാർഗം സ്വീകരിക്കാൻ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായി സമധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. ഇതിെൻറ ഭാഗമായാണ് പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ചടങ്ങിൽ പാകിസ്താൻ ഉൾപ്പടെയുള്ള സാർക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചത്. മേഖലയിൽ ഇന്ത്യക്കും ചൈനക്കും നിരവധി അവസരങ്ങളുണ്ട്. എന്നാൽ അതേസമയം ശക്തരായ ഇരു രാജ്യങ്ങൾക്കുമിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളുടെ താൽപര്യങ്ങളും ആശങ്കകളും പരിഗണിക്കുന്നതിൽ ഇരു രാജ്യങ്ങളും സൂക്ഷ്മതയും ബഹുമാനവും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

