08:30 am 16/3/2017
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന അറ്റോർണി ജനറലിന്റെ നിയമോപദേശം സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോടതി നിർദേശിച്ച മദ്യശാലകളുടെ പരിധിയിൽ ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ വൈൻ പാർലറുകളും ഉൾപ്പെടില്ലെന്ന അറ്റോർണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ചു തുടർനടപടിയുമായി മുന്നോട്ടു പോകാനാണു തീരുമാനം.
നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളോടു ചേർന്നു മാത്രമാണു ബാറുകൾ പ്രവർത്തിക്കുന്നത്.ഇവയും മറ്റു ഹോട്ടലുകളോടു ചേർന്നുള്ള ബിയർ വൈൻ പാർലറുകളും മാറ്റേണ്ടതില്ലെന്നാണു തീരുമാനം.
എന്നാൽ, ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും മദ്യവില്പനശാല കൾ ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്ററിനു പുറത്തേയ്ക്കു മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. ഇവ മാറ്റി സ്ഥാപിക്കാൻ ആവശ്യമായ പോലീസ് സംരക്ഷണം നൽകും.
ബാറുകളും ബിയർ വൈൻ പാർലറുകളും മദ്യശാലയുടെ നിർവചനത്തിൽ വരില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിക്കുക. ഏപ്രിൽ ഒന്നിനാണ് ഇവ മാറ്റി സ്ഥാപിക്കേണ്ടത്. അടുത്ത ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കേണ്ട മദ്യ നയം മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പു പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനുശേഷം നടപ്പാക്കിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.നയത്തിന്റെ വിശദാംശ ങ്ങൾ അറിയിച്ചിട്ടില്ല.