ഇസ്ലാമാബാദ്: പാകിസ്ഥാനിലേക്ക് ഇറാൻ സൈന്യം പീരങ്കിയാക്രമണം നടത്തിയതായി റിപ്പോർട്ട്. പാകിസ്ഥാനിലെ സമ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ചഗായ് മേഖലയിലാണ് ആക്രമണം നടന്നത്. ഇറാൻ- പാക് അതിർത്തിയിലുള്ള ഭീകരകേന്ദ്രങ്ങൾക്ക് നേരെയാണ് പീരങ്കി ആക്രമണം നടത്തിയതെന്നാണ് സൂചന.
കഴിഞ്ഞ മാസം പാക് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 10 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി.
ഭീകരർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അതിർത്തി കടന്ന് സൈനിക നടപടി നടത്താൻ മടിക്കില്ലെന്ന് ഇറാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. എന്നാൽ പിന്നീട് നടന്ന ചർച്ചകളിലൂടെ പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടായിരുന്നു. ഇപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് വ്യക്തമല്ല.