പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

01:03 pm 22/3/2017
images

വടക്കാഞ്ചേരി: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണദാസ് ഉൾപ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ അഞ്ചാം പ്രതി പാന്പാടി നെഹ്റു കോളജിലെ കായികാധ്യാപകൻ ഗോവിന്ദൻകുട്ടി, ലക്കിടി കോളജിന്‍റെ പിആർഒ വത്സലകുമാരൻ എന്നിവരാണ് കൃഷ്ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ ലക്കിടി കോളജ് ജീവനക്കാരൻ സുകുമാരന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്ന കൃഷ്ണദാസിന്‍റെ നിയമോപദേശകയ്ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ജിഷ്ണു കേസിന്‍റെ പശ്ചാത്തലം വിവരിച്ച് കൃഷ്ണദാസിന്‍റെ പൂർവകാലം പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇയാൾ കുട്ടികളെ മർദ്ദിക്കാറുണ്ടെന്നും അതിനാൽ ജാമ്യം നൽകി പുറത്തുപോകാൻ അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കേസിലെ തെളിവുകൾ ശേഖരിക്കാൻ കൃഷ്ണദാസിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദവും കോടതി മുഖവിലയ്ക്കെടുത്തു.

ജാമ്യഹർജി തള്ളിയതിന് പിന്നാലെ പോലീസ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പിന് ഇയാളെ കസ്റ്റഡിയിൽ വേണമെന്നാണ് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. കൃഷ്ണദാസിന്‍റെ കോളജിലെ മുറിയിൽ വിശദമായ പരിശോധന വേണമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.