06:05 Pm 15/3/2017
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥി. മുസ്ലി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് യുഡിഎഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റിക്കാർഡ് ഭൂരിപക്ഷത്തോടെ ഇ. അഹമ്മദ് ജയിച്ച മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കുഞ്ഞാലിക്കുട്ടിയെ പാർട്ടി നിയോഗിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും കുഞ്ഞാലിക്കുട്ടി യുഡിഎഫ് നേതൃത്വസ്ഥാനത്തുണ്ടാകുമെന്ന് പാണക്കാട് ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ പാണക്കാട് സംസ്ഥാന പ്രവർത്തക സമിതിയും തുടർന്ന് പാർലമെന്ററി ബോർഡ് യോഗവും ചേർന്നാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചത്. കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടിവരും. അങ്ങനെയെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ നിയമസഭ മണ്ഡലമായ വേങ്ങരയിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎയുമാണ് കുഞ്ഞാലിക്കുട്ടി.