പുതിയാപ്പയില്‍ നാല് ഇരുചക്രവാഹനവും വീടും ഭാഗികമായി കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി

10:03 am 4/12/2016
images (5)

കോഴിക്കോട്: സാമുദായിക സംഘര്‍ഷത്തിനെന്ന് സംശയിക്കുന്ന രീതിയില്‍ പുതിയാപ്പയില്‍ നാല് ഇരുചക്രവാഹനവും വീടും ഭാഗികമായി കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. പെട്രോള്‍ മോഷണത്തിനിടെയാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 22ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പുതിയാപ്പയിലെ സൂര്യന്‍കണ്ടി മുരളീധരന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു സ്കൂട്ടറും രണ്ടു ബൈക്കും കത്തിനശിച്ചത്. വര്‍ഗീയ കലാപത്തിന്‍െറ ഭാഗമായാണോ സംഭവമെന്ന ആശങ്ക വ്യാപകമായിരുന്നു. പുതിയങ്ങാടി നങ്ങത്താടത്ത് ഹൗസില്‍ ഡാനിഷ് നമ്പാന്‍ (20), പുതിയാപ്പ കായക്കലകത്ത് ഹൗസില്‍ കെ. സുരന്‍ (21) എന്നിവരെയാണ് നടക്കാവ് സി.ഐ ടി.കെ. അഷ്റഫിന്‍െറ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി ബീച്ച് ഓപണ്‍ സ്റ്റേജിനടുത്തുനിന്ന് പിടികൂടിയത്.

മുരളീധരന്‍െറയും മരുമകന്‍െറയും സഹോദരീപുത്രന്‍െറയും ഇവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്‍െറ ഉടമയുടെയും ഇരുചക്രവാഹനങ്ങള്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു. പുലര്‍ച്ചയോടെ ബൈക്കുകളില്‍നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ നിറഞ്ഞോ എന്നുനോക്കാന്‍ സിഗരറ്റ് ലൈറ്റര്‍ കത്തിച്ചുനോക്കിയതാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുചക്രവാഹനങ്ങള്‍ക്കു പുറമെ മുരളീധരന്‍െറ വീടും ഭാഗികമായി കത്തിയിരുന്നു. പിടിയിലായവരില്‍ സുരന്‍െറ കൈയില്‍ പൊള്ളലേറ്റതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.

പൊള്ളലേറ്റ കൈയുമായി ആശുപത്രികളിലൊന്നും പോകാതെ ഇരുവരും ബൈക്കില്‍ പുതിയസ്റ്റാന്‍ഡ് പരിസരത്തത്തെി ടൂത്ത് പേസ്റ്റ് വാങ്ങിയിരുന്നു. അവിടെവെച്ചുതന്നെ പൊള്ളലേറ്റ കൈയില്‍ പേസ്റ്റ് തേക്കുന്നത് ശ്രദ്ധയില്‍പെട്ട വ്യാപാരികളില്‍ ചിലര്‍ പൊലീസിന് വിവരം കൈമാറിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ പെട്ടെന്ന് പിടിക്കപ്പെടുമെന്ന സംശയത്താലാണ് പേസ്റ്റ് തേച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊള്ളലേറ്റ കൈയുമായി നാട്ടില്‍ തങ്ങിയാല്‍ സംശയം തോന്നുമെന്നു കരുതി തൊട്ടടുത്ത ദിവസംതന്നെ ഇരുവരും കാമുകിയെയും കൂട്ടി ഗോവയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഗോവയില്‍ ജീവിക്കാനുള്ള ചെലവിനായി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിറ്റു.

പണം മുഴുവന്‍ തീരുകയും കൈയിലെ മുറിവ് ഭേദപ്പെടുകയും ചെയ്തതോടെ ഒരാഴ്ച കഴിഞ്ഞാണ് തിരിച്ച് നാട്ടിലത്തെിയത്. നാട്ടിലത്തെിയ പ്രതികള്‍ പൊലീസിന്‍െറ തന്ത്രപരമായ ഇടപെടലില്‍ വലിയിലാവുകയായിരുന്നു. പിടിയിലായവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ്. സംഭവത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. വെള്ളയില്‍ എസ്.ഐ ഹരീഷ്, ക്രൈം സ്ക്വാഡിലെ ഒ. മോഹന്‍ദാസ്, ടി.പി. ബിജു, മുഹമ്മദ് ഷാഫി, അനീഷ് മൂസേന്‍വീട്, ആഷിക്, കെ.പി. ഷജൂല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.