09:11 am 29/3/2017
കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടിയെ ജോലിവാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തവും ഒന്നേകാൽ ലക്ഷം രൂപ പിഴയും. മൂന്നാം പ്രതി എറണാകുളം കടവന്ത്ര ആനാംതുരുത്തിപ്പാറ ഷമീറിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക ജില്ലാ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. നാലാം പ്രതി മലപ്പുറം വൈലത്തൂർ അതൃശേരി ഈങ്ങോപ്പടലിൽ ജാഫറലി(35)ക്ക് 10 വർഷമാണ് കഠിന തടവ്.
2014 ഏപ്രിൽ രണ്ടിനാണ് സംഭവം. ബംഗ്ലാദേശ് പെണ്‍കുട്ടിയെ ബംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്ത് പിതൃസഹോദര പുത്രൻ ജിയമുല്ലയും ഭാര്യ ഹസ്നയുമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ആറുപേർക്കെതിരെയാണ് ആദ്യം കേസ് ചുമത്തിയത്. എന്നാൽ, പ്രതികളായ ചോട്ടി, ഹസ്ന എന്നിവരെ പിടികൂടാനായില്ല. കുട്ടിയെ കടത്തുന്നതിന് അപ്പു എന്നൊരാളും ചോട്ടിയെ സഹായിക്കാനുണ്ടായിരുന്നു. ജിയാമലി, അപ്പു, ജാഫറലി, ഷമീർ എന്നിവരെ പോലീസ് പിടികൂടിയെങ്കിലും ജിയാമലിയും അപ്പുവും ജാമ്യത്തിലിറങ്ങി മുങ്ങി. ഇവർ പിന്നീട് വിചാരണയ്ക്കും ഹാജരായില്ല.