പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു.

o8:04 am 14 /2/2017

images

മറയൂര്‍: ഗ്രാമപഞ്ചായത്തിന്‍െറ പൊതുശ്മശാനത്തില്‍ അടക്കംചെയ്ത എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടു. മറയൂര്‍ പഞ്ചായത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തിന് ചുറ്റും മതില്‍കെട്ടുന്ന ജോലി നടക്കുന്നതിനിടെയാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് മാന്തിയപ്പോള്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

സമീപകാലത്ത് അടക്കം ചെയ്തതുള്‍പ്പെടെ എട്ട് മൃതദേഹങ്ങളാണ് പുറത്തെടുത്തിട്ടത്. തിങ്കളാഴ്ച ബാബുനഗര്‍ ഭാഗത്ത് മരണം സംഭവിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശ്മശാനത്തിലത്തെിയപ്പോഴാണ് അതിരൂക്ഷമായ ദുര്‍ഗന്ധവും മൃതദേഹങ്ങള്‍ പുറത്തുകിടക്കുന്നതും ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷാജിയുടെ നേതൃത്വത്തിലത്തെി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മണ്ണിട്ടുമൂടി. മാലിന്യം തള്ളുന്ന സ്ഥലവും പൊതുശ്മശാനവുമായി വേര്‍തിരിക്കാനാണ് നാലുലക്ഷം രൂപ വിനിയോഗിച്ച് മതില്‍കെട്ടാന്‍ തീരുമാനിച്ചത്. ബാബുനഗര്‍, പുനരധിവാസ കോളനി, പട്ടിക്കാട്, കരിമുട്ടി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള എസ്.സി വിഭാഗത്തില്‍പെട്ടവരാണ് പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ച് വരുന്നത്.

പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, കരാറുകാരന്‍, പഞ്ചായത്ത് അധികാരികള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തത്തെിയതോടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കോണ്‍ട്രാക്ടര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, എക്സ്കവേറ്റര്‍ ഓപറേറ്റര്‍ എന്നിങ്ങനെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. എക്സ്കവേറ്ററും കസ്റ്റഡിയിലെടുത്തു.