പോലീസ് സംഘത്തിനു നേർക്ക് തീവ്രവാദികളുടെ വെടിവയ്പ്.

07:09 am 30/3/2017
images (2)

ശ്രീനഗർ: പ്രതിഷേധക്കാരെ നേരിടാൻ നിയോഗിച്ച പോലീസ് സംഘത്തിനു നേർക്ക് തീവ്രവാദികളുടെ വെടിവയ്പ്. ജമ്മു കാഷ്മീരിലെ കുൽഗാം-യാരിപോര മേഖലയിലാണ് വെടിവയ്പുണ്ടായത്. പോലീസിനു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചൊവ്വാഴ്ച കുൽഗാമിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വസതിക്കു നേർക്ക് തീവ്രവാദികൾ വെടിയുതിർത്തിരുന്നു. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോടു ഭീഷണി മുഴക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇത്തരത്തിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞദിവസം, ജമ്മു കാഷ്മീരിലെ ബഡ്ഗാം ജില്ലയിൽ ഭീകരനുവേണ്ടിയുള്ള തെരച്ചിലിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കുനേരെ സൈന്യം നടത്തിയ പെല്ലറ്റ് വെടിവയ്പിൽ മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാസൈന്യം ഒരു ഭീകരനെ വധിച്ചു. സൈനിക നടപടി തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണു പെല്ലറ്റ് വെടിവയ്പുണ്ടായത്.