09:28 am 19/4/2017
കൊച്ചി: പ്രതികൾ നിയമപ്രകാരമുള്ള റിമാൻഡ് കാലാവധി പൂർത്തിയായി ജാമ്യം നേടാനുള്ള സാധ്യത ഒഴിവാക്കാനാണു സംഭവം നടന്നു രണ്ടു മാസത്തിനുള്ളിൽ പോലീസ് ആദ്യകുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 17നു രാത്രി 8.30നാണ് ആറംഗസംഘം യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്.
പെരുന്പാവൂർ ഇളന്പകപ്പിള്ളി നെടുവേലിക്കുടി സുനിൽകുമാറിനെ (പൾസൾ സുനി-28) ഒന്നാം പ്രതിയാക്കി ഏഴ് പ്രതികൾക്കെതിരേയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പൾസർ സുനിയെ സഹായിച്ച ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർളി തോമസ് എന്നിവരാണു മറ്റു പ്രതികൾ.
ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 375 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. ബലാത്സംഗശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, സംഘംചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് ഒളിത്താവളമൊരുക്കിയെന്നതാണു ചാർളിക്കെതിരേയുള്ള കുറ്റം.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യം പകർത്തിയ മൊബൈൽ ഫോണ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഈ ഫോണിനായുള്ള അന്വേഷണം തുടരും. സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർത്തിയാവുന്നതോടെ കേസിൽ കൂടുതൽ പ്രതികളുണ്ടാവാൻ സാധ്യതയുണ്ട്. പ്രതികളെ കുറ്റം ചെയ്യാനും പിന്നീട് ഒളിവിൽ പോവാനും സഹായിച്ചവർക്കെതിരേ അനുബന്ധകുറ്റപത്രം സമർപ്പിക്കാനാണു പോലീസിന്റെ നീക്കമെന്നറിയുന്നു.
പൾസർ സുനി അങ്കമാലിയിലെ അഭിഭാഷകനു കൈമാറിയ മൊബൈൽ ഫോണിന്റെയും മെമ്മറി കാർഡിന്റെയും ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ നൽകിയിട്ടുണ്ട്. എന്നാലിതു പോലീസിനു കൈമാറിയിട്ടില്ല. വിചാരണവേളയിൽ ഇതു തെളിവായി കണക്കാക്കും.
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈൽ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചിരുന്നുവെന്നാണു സുനി പോലീസിൽ നൽകിയ മൊഴി. പോലീസ് രണ്ട് പ്രാവശ്യം അഭിഭാഷകനെ വിളിപ്പിച്ചു ചോദ്യം ചെയ്തെങ്കിലും മൊബൈൽ ഫോണ് സംബന്ധിച്ചു സൂചനകളൊന്നും നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.

