പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടി.

08:22 am 22/1/2017
images (5)
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐയില്‍ അച്ചടക്ക നടപടി. മൂന്ന് നേതാക്കളെ സംഘടനയില്‍നിന്ന് പുറത്താക്കാനും മഹാരാജാസ് കോളജ് യൂനിറ്റ് കമ്മിറ്റിയെ താക്കീത് ചെയ്യാനുമാണ് എസ്.എഫ്.ഐ ജില്ല നേതൃത്വത്തിന്‍െറ തീരുമാനം. നേതാക്കളായ വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. എസ്.എഫ്.ഐ ജില്ല സെക്രട്ടറി വി.എം. ജുനൈദിന്‍െറ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന യൂനിറ്റ് കമ്മിറ്റിയില്‍ നടപടി വിശദീകരിച്ചു. അപക്വമായ രീതിയിലുള്ള നടപടികളുണ്ടായപ്പോള്‍ അത് തടയുന്നതിനോ നിയന്ത്രിക്കാനോ തയാറാകാതിരുന്ന മഹാരാജാസ് കോളജ് യൂനിറ്റ് കമ്മിറ്റിയെ ശക്തമായി താക്കീത് ചെയ്യാനും തീരുമാനിച്ചതായി എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു.

അക്കാദമിക-അക്കാദമികേതര വിഷയങ്ങളില്‍ പ്രിന്‍സിപ്പല്‍ സ്വീകരിക്കുന്ന വിദ്യാര്‍ഥിവിരുദ്ധ നിലപാടുകളോട് എസ്.എഫ്.ഐക്ക് യോജിക്കാനാകില്ല. ഇതിനെതിരെ എസ്.എഫ്.ഐ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചുള്ള സമരമുറയെ ന്യായീകരിക്കാനാവില്ല. വ്യാഴാഴ്ച അധ്യാപക സംഘടന നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കാമ്പസിനകത്ത് പ്രകടനം നടത്താന്‍ മാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍, പ്രകടനത്തിന് നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നുണ്ടായ അപക്വമായ ഇടപെടലുകളാണ് അനിഷ്ട സംഭവങ്ങളുണ്ടാക്കിയത്. ഇത് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിക്കലിലേക്ക് എത്തിയെന്നും നടപടി വിശദീകരിച്ച് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്തകുറപ്പില്‍ പറയുന്നു.