06:44 pm 17/4/2017
ന്യൂയോർക്ക്: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയുമായി യുണൈറ്റഡ് എയർലൈൻസ് വീണ്ടും വിവാദത്തിൽ. പ്രതിശ്രുത വധുവിനെയും വരനെയും വിമാനത്തിൽനിന്ന് ഇറക്കിവിട്ടാണ് എയർലൈൻസ് ഇക്കുറി പുലിവാൽ പിടിച്ചിരിക്കുന്നത്.
ഹ്യൂസ്റ്റണിൽനിന്നു കോസ്റ്റാറിക്കയിലേക്ക് യാത്രതിരിച്ച മൈക്കൽ ഹോൽ, പ്രതിശ്രുത വധു ആംബർ മാക്സ്വെൽ എന്നിവരെയാണ് യുണൈറ്റഡ് എയർലൈൻസ് ജീവനക്കാർ ബലം പ്രയോഗിച്ച് വിമാനത്തിൽനിന്നു പുറത്താക്കിയത്. അനുവാദമില്ലാതെ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാൻ ശ്രമിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കന്പനിയുടെ വാദം. ഇവർ ജീവനക്കാരുടെ നിർദേശം പാലിക്കാൻ വിസമ്മതിക്കുകയും വിമാനത്തിനുള്ളിൽ ബഹളം വയ്ക്കുകയും ചെയ്തെന്നും യുണൈറ്റഡ് എയർലൈൻസ് അധികൃതർ ആരോപിക്കുന്നു.
എന്നാൽ ഇക്കണോമി ക്ലാസിലുള്ള തങ്ങളുടെ സീറ്റിൽ ഒരു യാത്രക്കാരൻ ഉറങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒഴിഞ്ഞ സീറ്റുകൾ അനുവദിക്കണമെന്നും കൂടുതൽ പണം നൽകാമെന്നും അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കമിതാക്കളുടെ വിശദീകരണം.