01:10 pm 01/3/2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. കേസിൽ നിര്‍ണായകമായ തെളിവായി പൊലീസിന് ഉപയോഗിക്കാവുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. അക്രമികൾ നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്.
പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിലുള്ള കടയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചത്.
സംഭവം നടന്നതിന് പിന്നാലെ ദേശീയപാതയിലും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനൊപ്പം ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്‌ളാറ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്കെറിഞ്ഞു എന്നാണ് സുനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇതിനാലാണ് ഫ്‌ളാറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി ഇന്നലെ കായലില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഒന്നും ലഭിച്ചില്ല.
