11:14 am 1/2/2017
– ബ്രിജിറ്റ് ജോര്‍ജ്

ഷിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി 29-നു രാവിലെ 8 മണിക്ക് സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായി വിരമിക്കുന്ന ഫാ.ഡോ. സെബാസ്റ്റ്യന്‍ വേതാനം തന്റെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള വി. കുര്‍ബാനയില്‍ മുഖ്യകാര്‍മികനായി ദിവ്യബലി അര്‍പ്പിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഡോ. ജയിംസ് ജോസഫ്, ഫാ. റൂബന്‍ താന്നിയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രൂപതയുടെ ചാന്‍സിലര്‍ സ്ഥാനത്തിരുന്നുള്ള കൃത്യനിര്‍വ്വഹണം വളരെ ഭംഗിയായി പൂര്‍ത്തീകരിച്ചതിനുശേഷം നാട്ടില്‍ സ്വന്തം രൂപതയായ പാലായിലേക്ക് അച്ചന് മടങ്ങുകയാണ്. രൂപതയുടെ ഓഫീസ് കാര്യങ്ങള്‍ കൃത്യമായി സംഘടിപ്പിച്ച് ഫലപ്രാപ്തി ഉറപ്പാക്കുക, സീറോ മലബാര്‍ രൂപതയുടെ കീഴില്‍ അമേരിക്കയിലും കാനഡയിലുമുള്ള അനേകം ദൈവജനത്തിന് വിശ്വാസവും അറിവും പകര്‍ന്നുകൊടുക്കുക എന്നിവയ്ക്കുപുറമെ അറിവിന്റെ നിറകുടമായ അച്ചന് പള്ളിയേയും അതിന്റെ ആചാരാനുഷ്ഠാനങ്ങളേയും ആസ്പദമാക്കി പല ലിറ്റര്‍ജിക്കല്‍ പുസ്തകങ്ങളും ക്രമപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പ് ചടങ്ങില്‍ രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് തങ്ങളുടെ വലതു കൈയ്യായി രൂപതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഫാ. സെബാസ്റ്റ്യന്റെ സേവനങ്ങളെ വളരെ സ്നേഹപൂര്‍വ്വം വിലയിരുത്തുകയും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റേയും തന്റേയും പേരില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇടവകയുടെ പേരില്‍ കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോസഫ് കണിക്കുന്നേല്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു.
ഫാ. ഡോ. സെബാസ്റ്റ്യന്‍ വേതാനത്തിന് ഇടവക സമൂഹം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയുടെ നറുമലരുകള്‍ അര്പ്പിക്കുന്നതിനൊപ്പംതന്നെ ദൈവജനത്തിനുവേണ്ടിയുള്ള ഭാവി സേവന പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ ഐശ്വര്യവും ദൈവാനുഗ്രഹവും നേര്‍ന്നുകൊള്ളുന്നു.
