ഫിലഡല്‍ഫിയായില്‍ പെസഹാ വ്യാഴം ഭക്തിപൂര്‍വം ആചരിച്ചു

7:48 am 15/4/2017

ജോസ് മാളേയ്ക്കല്‍


ഫിലഡല്‍ഫിയ: അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ താന്‍ അത്യധികം സ്‌നേഹിച്ച ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എളിമയുടെയും, സ്‌നേഹത്തിന്റെയും പാഠങ്ങള്‍ നല്‍കി വിശുദ്ധ കുര്‍ബാനയും, പൗരോഹിത്യശുശ്രൂഷയും സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ ആയ പെസഹാത്തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്കു ഇടവകവികാരി റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പില്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി തിയോളജി പ്രൊഫസര്‍ റവ. ഫാ. പ്രജോ പാറയ്ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആചരിച്ചു.

ഇടവകയിലെ പഴയ തലമുറയേയും, പുതിയതലമുറയേയും സമന്വയിപ്പിച്ച് യുവജനങ്ങളും പ്രായമായവരും ഉള്‍പ്പെടെ 12 പേര്‍ യേശുശിഷ്യരെ പ്രതിനിധീകരിച്ചു. അപ്പസ്‌തോലന്മാരെ പ്രതിനിധാനം ചെയ്യുന്ന 12 പേരുടെ കാലുകള്‍ കഴുകിക്കൊണ്ട് വിനോദ് അച്ചന്‍ വിനയത്തിന്റെ മാതൃക യേശു പഠിപ്പിച്ചത് ഓര്‍മ്മപ്പെടുത്തി. സഹകാര്‍മ്മികനായ ഫാ. പ്രജോ പാറയ്ക്കല്‍ പെസഹാസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവക്കല്‍, ദിവ്യകാരുണ്യ ആരാധന എന്നിവയായിരുന്നു മറ്റു കര്‍മ്മങ്ങള്‍.

പീഡാനുഭവവാരത്തിലെ മറ്റു ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ താഴെ കൊടുക്കുന്നു.

ഏപ്രില്‍ 14 ദുഃഖവെള്ളി: രാവിലെ ഒമ്പതു മണി മുതല്‍ പീഡാനുഭവശൂശ്രൂഷ, ഈശോയുടെ കബറടക്ക ശുശ്രൂഷയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്‌സി നൊവേന, ഒരുനേരഭക്ഷണം. ഉച്ചകഴിഞ്ഞ് വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന.

ദുഃഖശനി: രാവിലെ ഒമ്പതു മണി പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്‌നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്റെ നോവേനയും. തുടര്‍ന്ന് 10:30 കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ എഗ് ഹണ്ടിങ്ങ് മല്‍സരം.

ഈസ്റ്റര്‍ വിജില്‍ സര്‍വീസ:് ശനിയാഴ്ച വൈകുന്നേരം ഏഴുമണിമുതല്‍ ഉയിര്‍പ്പു തിരുനാളിന്റെ ചടങ്ങുകള്‍, മെഴുകുതിരി പ്രദക്ഷിണം, കുര്‍ബാന. മലങ്കരസഭയുടെ മാവേലിക്കര ഭദ്രാസനബിഷപ് അഭിവന്ദ്യ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് തിരുമേനി ഉയിര്‍പ്പുതിരുനാളിന്റെ സന്ദേശം നല്‍കും.
ഉയിര്‍പ്പു ഞായര്‍: രാവിലെ പത്തുമണി വിശുദ്ധ കുര്‍ബാന

ഫോട്ടോ: ജോസ് തോമസ്