ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും സഹായിയും അറസ്റ്റില്‍.

08:21 am 7/2/2017
download (2)
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലൂണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെയും സഹായിയുമടക്കം രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കൃത്യം നടത്തിയ കേസിലെ പ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സഹായി തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മൈസൂരുവിനടുത്ത് ഫെര്‍ഗൂരിലെ കൃഷി ഫാമിന്‍െറ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ബിബിന് താമസ സൗകര്യമൊരുക്കിയതിനാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ഫൈസലിനെ വധിച്ച ശേഷം ദുബൈയിലേക്ക് കടന്ന ബിബിന്‍ അവിടെനിന്ന് തിരിച്ചത്തെി ഒരുമാസമായി വയനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഫെര്‍ഗൂരിലെ ഫാം ഹൗസിന്‍െറ ഷെഡില്‍ ഒളിച്ചു താമസിച്ചിരുന്ന ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടത്തെിയത്. ഇയാളുടെ പാസ്പോര്‍ട്ടും പൊലീസ് കണ്ടെടുത്തു.

ബിബിന് രക്ഷപ്പെടാനും താമസിക്കാനും ജോലി അടക്കമുള്ള സൗകര്യങ്ങളും ചെയ്തുകൊടുത്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുള്ളതായി അന്വേഷണ സംഘം പറഞ്ഞു. കൃത്യം നടത്തിയ കേസില്‍ മൂന്നും ഗൂഢാലോചനക്കേസില്‍ ഒമ്പതുമടക്കം 14 പേര്‍ പിടിയിലായി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബു, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മഞ്ചേരി സി.ഐ കെ.എം. ബിജു, കൊളത്തൂര്‍ എസ്.ഐ വിഷ്ണു, എ.എസ്.ഐമാരായ സി.പി. മുരളീധരന്‍, സന്തോഷ് പൂതേരി, സി.പി.ഒമാരായ യൂനുസ്, മനോജ്, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ജയിലില്‍ കഴിയുന്ന 11 പ്രതികളുടെയും ബന്ധുക്കളെ തിങ്കളാഴ്ച മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസില്‍ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു.