ബജറ്റ് ഫെബ്രുവരി 1ന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രീംകോടതി

04:27 PM 23/1/2017

download (3)

ന്യൂഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കാമെന്ന് സുപ്രിംകോടതി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബജറ്റവതരണം നീട്ടിവെക്കണമെന്ന പൊതുതാത്പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. കേന്ദ്രബജറ്റ് അവതരണം സംസ്ഥാന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കുമെന്ന വാദം കോടതി തള്ളി. അഭിഭാഷകനായ എം.എൽ ശർമയാണ് ഹരജി സമർപ്പിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാര്‍ട്ടികൾ പരാതി നൽകിയിരുന്നു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ട് ലക്ഷ്യമിട്ട് ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പരാതി. ഫെബ്രുവരി 28ന് അവതരിപ്പിക്കേണ്ടിയിരുന്ന കേന്ദ്ര ബജറ്റ് ഒരു മാസം നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കത്തില്‍തന്നെ ബജറ്റ് വിഹിത വിനിയോഗം തുടങ്ങാന്‍ സൗകര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ബജറ്റ് അവതരണം നീട്ടിവെച്ചിരുന്നു.