ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയാകും.

07:11 pm 17/3/2017
download (2)
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയാകും. ഇന്നു ചേർന്ന പാർട്ടി എം.എൽ.എമാരുടെ യോഗമാണ് പാർലമെന്‍ററി പാർട്ടി നേതാവായി ത്രിവേന്ദ്ര സിങ് റാവത്തിനെ തെരഞ്ഞെടുത്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച ഡെറാഡൂൺ പരേഡ് ഗ്രൗണ്ടിൽ നടക്കുമെന്നാണ് റിപ്പോർട്ട്.

56കാരനായ ത്രിവേന്ദ്ര സിങ് റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ 1983 മുതൽ 2002 വരെ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഉത്തരാഖണ്ഡ് മേഖലയിൽ പാർട്ടി ഒാർഗനൈസിങ് സെക്രട്ടറിയാണ്. 2014ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് ഉത്തർപ്രദേശിൽ അമിത് ഷാക്കൊപ്പം ത്രിവേന്ദ്ര സിങ് റാവത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ദോയ് വാല നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയാണ് ത്രിവേന്ദ്ര സിങ് റാവത്ത് നിയമസഭയിലേക്ക് വിജയിച്ചത്. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരീഷ് റാവത്ത് നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാറിനെയാണ് ബി.ജെ.പി അട്ടിമറിച്ചത്. ആകെ 70 സീറ്റില്‍ 57ലും ജയിച്ച് ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് 11 സീറ്റിലൊതുങ്ങി.