07:45 am 23/3/2017
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവയ്പിൽ ഒരു പോലീസുകാരന് കുത്തേൽക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെ കുത്തിയ അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തി. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
പാർലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്റിനുള്ളിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പാർലമെന്റിന് അകത്തുള്ളവരോട് പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്റ് കെട്ടിടത്തിന് പുറത്തുനിന്നവർക്കാണ് വെടിയേറ്റത്.
കാൽനടയാത്രികർക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറ്റാനും ശ്രമമുണ്ടായി. ഇതിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തുള്ള കെട്ടിടത്തിൽ ഇടിച്ചാണ് കാർ നിന്നത്. ഈ കാറിൽ നിന്നിറങ്ങിയ ആളാണ് പോലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പരിക്കേറ്റവരെ എയർ ആംബുലൻസ് ഉപയോഗിച്ച് ആശുപത്രികളിലേക്ക് നീക്കി. പാർലമെന്റിനു മുന്നിലൂടെയുള്ള റോഡുകളിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.