07:00 pm 23/3/2017
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം സംഘടിപ്പിച്ച റെയ്ഡുകളിലാണ് ഇവർ അറസ്റ്റിലായത്. ബിർമിംഗ്ഹാമിലടക്കം ഏഴിടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്യത്തു തുടരുന്ന റെയ്ഡുകളുടെ രഹസ്യസ്വാഭാവം ചോരാതിരിക്കുന്നതിനു വേണ്ടിയാണ് അക്രമിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തിൽ പോലീസ് ഓഫീസർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. കോമണ്‍സ് സഭ സമ്മേളിച്ചിരിക്കെ പാർലമെന്റ് മന്ദിരത്തിനു സമീപത്ത് ഒരു പോലീസ് ഓഫീസറെ അക്രമി കുത്തിക്കൊന്ന ശേഷമാണ് അക്രമി വെടിയുതിർത്തത്. വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ കാർ കാൽനട യാത്രക്കാർക്കിടയിലേക്കു പാഞ്ഞുകയറി നിരവധിപേരെ ഇടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. കാർ പിന്നീട് പാർലമെന്റ് മന്ദിരവളപ്പിന്റെ ഇരുന്പുഗേറ്റിൽ ഇടിച്ചുനിന്നു.
ബെൽജിയത്തിന്റെ തലസ്ഥാനനഗരമായ ബ്രസൽസിൽ കഴിഞ്ഞവർഷം ഭീകരാക്രണമുണ്ടായതിന്റെ വാർഷികദിനത്തിലാണ് ഈ ആക്രമണം. 2013 മേയിൽ തെക്കുകിഴക്കൻ ലണ്ടനിൽ രണ്ട് ഇസ്ലാമിക് തീവ്രവാദികൾ ഒരു പട്ടാളക്കാരനെ കുത്തിക്കൊന്നതാണ് ഇതിനു മുന്‍പു നഗരത്തിൽ നടന്ന ഭീകരാക്രമണം.