പാലാ: പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന മാതാവിെൻറ പരാതിയിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. എറണാകുളം കണ്ണേങ്കാട്ട് സ്വദേശി മിറ്റിൽഡയെയാണ് പോക്സോ നിയമപ്രകാരം രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാമപുരം സ്വദേശിയായ പതിനേഴുകാരനായ ആൺകുട്ടിയുടെ വീട്ടിലെത്തി മുറിയിൽ കയറി വാതിലടച്ച ഇവരെ രാമപുരം പൊലീസ് വാതിൽ തകർത്ത് അകത്തുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കുവഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി എറണാകുളത്ത് ബ്യൂട്ടീഷ്യനായി ജോലിനോക്കി വരുകയായിരുന്നു.
കഴിഞ്ഞയാഴ്ച രാമപുരത്ത് എത്തിയ ഇവർ ഇൗ പതിനേഴുകാരനൊപ്പം ഇവിടെ ഒരുവീട്ടിൽ താമസിച്ചിരുന്നു. അന്ന് വീട്ടുകാർ ഇടപെട്ട് പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച വീണ്ടും ആൺകുട്ടിയുടെ വീട്ടിലെത്തിയ പെൺകുട്ടി മുറിയിൽ കയറി വാതിലടച്ചു. വീട്ടുകാരും നാട്ടുകാരും ശ്രമിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് മാതാവ് രാമപുരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീെസത്തി വാതിൽ തകർത്ത് ഇരുവരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പെൺകുട്ടിയെ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. വീട്ടിലേക്ക് പോകാൻ വിസമ്മതിച്ച ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കയച്ചു. രാമപുരം സി.ഐ എൻ. ബാബുക്കുട്ടൻ, എസ്.ഐ കെ.കെ. ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.